കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങൾ മുസ്‌ലിം സമുദായത്തിൽ കാണപ്പെടുന്നുണ്ട്. നാട്ടിൽ നിലനിൽക്കുന്ന കർമങ്ങളുടെ ബാഹുല്യം നിമിത്തം ഇസ്‌ലാമികമേത് അല്ലാത്തതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരിക്കുന്നു.
ജനന സമയത്ത് കുഞ്ഞിന്റെ ചെവിയിൽ ബാങ്കും ഇക്വാമത്തും കൊടുക്കുന്നതും മുടി കളഞ്ഞ് തുല്യ തൂക്കം വെള്ളി വിതരണം ചെയ്യുന്നതും പ്രമാണങ്ങളുടെ പിൻബലമുള്ളതാണോ? വിശദീകരിക്കുമോ?
ജനനവും മരണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഒട്ടനവധി അനാചാരങ്ങൾ കാണുവാൻ സാധിക്കും. പ്രമാണങ്ങളുടെ പിൻബലമില്ലാത്ത അത്തരം ദുരാചാരങ്ങളിൽ ചിലത് ദുർബലമായ ചില തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ മറ്റുപലതും പലരുടെയും സംസ്‌കാരങ്ങളെ സ്വീകരിക്കുന്നതിലൂടെ കടന്നുവന്നതാണ്.
കുഞ്ഞു ജനിച്ചാൽ വലത്തെ ചെവിയിൽ ബാങ്കും ഇടത്തെ ചെവിയിൽ ഇക്വാമത്തും കൊടുക്കുക എന്നത് പൊതുവിൽ കാണപ്പെടുന്നുണ്ടെങ്കിലും അവയ്ക്ക് ഉപോൽബലകമായ, സ്വീകാര്യയോഗ്യമായ പ്രമാണങ്ങൾ കാണുവാൻ സാധിക്കുകയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ചില ഹദീസുകൾ പരിശോധിക്കാം
حَدَّثَنَا مُحَمَّدُ بْنُ بَشَّارٍ ، قَالَ : حَدَّثَنَا يَحْيَى بْنُ سَعِيدٍ ، وَعَبْدُ الرَّحْمَنِ بْنُ مَهْدِيٍّ ، قَالَا : أَخْبَرَنَا سُفْيَانُ ، عَنْ عَاصِمِ بْنِ عُبَيْدِ اللَّهِ ، عَنْ عُبَيْدِ اللَّهِ بْنِ أَبِي رَافِعٍ ، عَنْ أَبِيهِ قَالَ : رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ. (الترمذي. أبوداود.ضعفه الالباني )
അബൂറാഫി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ رَضِيَ اللَّهُ عَنْها ഹസൻ ഇബ്‌നു അലി رَضِيَ اللَّهُ عَنْهُ വിനെ പ്രസവിച്ചപ്പോൾ നബിﷺ കുട്ടിയുടെ ചെവിയിൽ നമസ്‌കാരത്തിന് ബാങ്ക് കൊടുക്കുന്നത് പോലെ ബാങ്ക് കൊടുക്കുന്നത് ഞാൻ കണ്ടു’ (അബുദാവൂദ്, തിർമിദി).
ഇതിന്റെ പരമ്പരയിലുള്ള ആസിം ഇബ്‌നു ഉബൈദില്ല ദുർബലനാണ് എന്ന് ഇബ്‌നു ഹജർ അൽ അസ്‌ക്വലാനി ‘തൽഖീസുൽ ഹബീറി’ൽ പറഞ്ഞിരിക്കുന്നു. ഈ ഹദീസ് ദുർബലമാണെന്ന് യഹ് യബ്‌നു മഈനും ഇബ്‌നു ഹിബ്ബാനും അബു ഇസ്ഹാഖ് അൽ ജൗസജാനിയും അഭിപ്രായപ്പെട്ടിരിക്കുന്നു.
ഈ ഹദീസിന് ദുർബലമായ മറ്റു ചില ശവാഹിദുകൾ കൂടി ഉണ്ട് എന്നതിനാലാണ് ചില പണ്ഡിതൻമാർ ഇതനുസരിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞത്. എന്നാൽ ഇതിനെ ശക്തിപ്പെടുത്താൻ കൊണ്ടുവരുന്ന ഹദീസുകൾ തീർത്തും ദുർബലവും പലതും നിർമിതവുമാണ് എന്നതിനാൽ ഈ ഹദീസ് അനുസരിച്ച് അമൽ ചെയ്യാൻ പാടില്ല എന്നാണ് ആധുനിക ഹദീസ് നിദാന ശാസ്ത്ര പണ്ഡിതനായ ശൈഖ് നാസിറുദ്ദീൻ അൽ അൽൽബാനി അഭിപ്രായപ്പെട്ടിരിക്കുന്നത്. അത്തരത്തിലുള്ള ചില ഹദീസുകൾ നമുക്ക് പരിശോധിക്കാം:
عن ابن عباس أن النبي صلى الله عليه وسلم أذَّن في أُذُن الحسن بن علي يوم ولد فأذَّن في أذنه اليمنى وأقام في أذنه اليسرى .(رواه البيهقي في شعب الإيمان)
ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: “ഹസൻ رَضِيَ اللَّهُ عَنْهُ പ്രസവിക്കപ്പെട്ട ദിവസം നബിﷺ കുട്ടിയുടെ വലത്തെ ചെവിയിൽ ബാങ്കും ഇടത്തെ ചെവിയിൽ ഇക്വാമത്തും കൊടുത്തു’ (ബൈഹക്വി).
ഇതിന്റെ പരമ്പരയിലുള്ള ഹസൻ ഇബ്‌നു അംറ് വലിയ കളവ് പറയുന്നവനാണെന്ന് ഇമാം ബുഖാരി അദ്ദേഹത്തിന്റെ ‘അത്താരീഖുൽ കബീറി’ൽ രേഖപ്പെടുത്തിയിരിക്കുന്നു. അപ്രകാരം തന്നെ ഈ ഹദീസിന്റെ പരമ്പരയിലുള്ള മുഹമ്മദ് ഇബ്‌നു യൂനുസ് കളവ് പറയുന്നവനാണെന്ന് ഇമാം അബൂദാവൂദും ദാറഖുത്‌നിയും അഭിപ്രായപ്പെട്ടിരിക്കുന്നു.
മറ്റൊരു നിവേദകനായ കാസിം ഇബ്‌നു മുതയ്യബും ദുർബലൻ തന്നെയാണ്. ഇതും ഇതിനെക്കാൾ ദുർബലമായ മറ്റു ചില ഹദീസുകളും ഉണ്ടെങ്കിലും അവയെല്ലാം തന്നെ ദുർബലമാണെന്നും അതിൽ ചിലത് മൗദൂഅ് (നിർമിതം ) ആണെന്നും ആധുനിക ഹദീസ് പണ്ഡിതനായ ശൈഖ് നാസിറുദ്ദീൻ അൽഅൻബാനി രേഖപ്പെടുത്തിയിരിക്കുന്നു. ദുർബലമായ ഹദീസുകൾ കൊണ്ടല്ല നാം അമൽ ചെയ്യേണ്ടത്. അതിനാൽ കുഞ്ഞ് പ്രസവിക്കപ്പെട്ടാൽ ചെവിയിൽ ബാങ്കോ ഇക്വാമത്തോ കൊടുക്കേണ്ടതില്ല..
عَنْ حُسَيْنٍ بن علي رضي الله عنهما قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم “مَنْ وُلِدَ لَهُ فَأَذَّنَ فِي أُذُنِهِ الْيُمْنَى وَأَقَامَ فِي أُذُنِهِ الْيُسْرَى لَمْ تَضُرَّهُ أُمُّ الصِّبْيَانِ “(رواه أبو يعلى في المسند 12 / 150 )
ഹുസൈൻ ഇബ്‌നു അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: “ആർക്കെങ്കിലും ഒരു കുഞ്ഞു ജനിക്കുകയും എന്നിട്ട് അതിന്റെ വലത്തെ ചെവിയിൽ ബാങ്കും ഇടത്തെ ചെവിയിൽ ഇക്വാമത്തും വിളിക്കുകയും ചെയ്താൽ അവനെ ഉമ്മു സ്വിബ് യാൻ (ബോധക്ഷയം) ബാധിക്കുന്നതല്ല.’
ഇതിന്റെ പരമ്പരയിലുള്ള യഹ് യ ഇബ്‌നു അലാക് ഹദീസുകൾ കെട്ടിച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ഇമാം അഹ്‌മദ് പറഞ്ഞിരിക്കുന്നു. കൂടാതെ ഇമാം ദാറഖുത്‌നിയും അയാൾ അയോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതേ ഹദീസിലെ മറ്റൊരു റിപ്പോർട്ടറായ മർവാൻ ഇബ്‌നു സാലിം എന്ന വ്യക്തിയെക്കുറിച്ച് അബു അറൂബ പറഞ്ഞത് അയാൾ ഹദീസ് നിർമിക്കുന്ന വ്യക്തിയാണ് എന്നാണ് ഇതേപോലെ ഇമാം ബുഖാരിയും മുസ് ലിമും അബൂ ഹാതിം അർറാസിയും ദാറ ഖുത്‌നിയും അയാൾ അയോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ശൈഖ് അൽബാനി ഈ ഹദീസ് മൗദൂഅ് ആയ ഹദീസാണ് എന്നാണ് രേഖപ്പെടുത്തിയത്. (സിൽസിലത്തു ദഈഫ).
ഇമാം മാലിക് കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളിക്കൽ മക്‌റൂഹാണ് എന്ന് അറിയിച്ചിരിക്കുന്നു. (മവാഹിബുൽ ജലീൽ).
എന്നാൽ കുഞ്ഞിന്റെ മുടി ആദ്യമായി കളയുമ്പോൾ മുടിയുടെ തൂക്കത്തിന് അനുസരിച്ച് ദാനധർമം ചെയ്യൽ സുന്നത്താണ്. അമൽ ചെയ്യാവുന്ന രൂപത്തിൽ പ്രസ്തുത വിഷയത്തിൽ ഹദീസുകൾ വന്നിരിക്കുന്നു..
قال – صَلَّى اللَّهُ عَلَيْهِ وَسَلَّم َ – لفاطمة لما ولدت الحسن:احلقي راسه وتصدقي بوزن شعره فضة على المساكين. (رواه احمد وحسنه الالباني)
ഫാത്വിമ رَضِيَ اللَّهُ عَنْها ഹസൻ رَضِيَ اللَّهُ عَنْهُ വിനെ പ്രസവിച്ചപ്പോൾ നബിﷺ അവരോട് പറഞ്ഞു: “കുഞ്ഞിന്റെ മുടികളയുകയും മുടിയുടെ തൂക്കത്തിനനുസരിച്ച് പാവപ്പെട്ടവർക്ക് വെള്ളി ദാനം നടത്തുകയും ചെയ്യുക ‘ (ഇമാം അഹ്‌മദ്, അൽബാനി ഈ ഹദീസിനെ ഹസൻ എന്ന പദവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു).
അതുപോലെ ഇമാം തിർമിദിയും ഇതിനു സമാനമായ രൂപത്തിൽ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു. ആ ഹദീസും ഹസൻ ആണെന്നാണ് അൽബാനി അഭിപ്രായപ്പെട്ടത്.
കുഞ്ഞു ജനിച്ചു ഏഴാം ദിവസമാണ് മുടി കളയേണ്ടതും ദാനം ചെയ്യേണ്ടതും അഖീഖ അറുക്കേണ്ടതും. എന്തെങ്കിലും കാരണത്താൽ മുടി കളയാൻ സാധിച്ചിട്ടില്ലെങ്കിൽ ഏകദേശം തൂക്കമനുസരിച്ച് ദാനം നടത്താവുന്നതാണ്. അധികം നൽകുകയാണെങ്കിൽ കുഴപ്പമൊന്നുമില്ല.
സ്വാദിഖ് മദീനി
അനുബന്ധം
ശൈഖ് അൽബാനിയുടെ ഒരു ഫത്’വ കാണുക:
ചോദ്യം: കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഹദീസ് സ്ഥിരപ്പെട്ട് വന്നിട്ടുണ്ടോ ? അതല്ല, അത് ദുർബലമാണോ ?
ഉത്തരം : അതെ , അത് ദുർബലമാണ്.
ചോദ്യം : ആ ഹദീസ് കൊണ്ട് പ്രവർത്തിക്കുവാൻ പാടുണ്ടോ ?
ഉത്തരം: ഇത് ജനങ്ങൾക്കുള്ള വിശദീകരണമാണ് . കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ മതത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണെന്നാണ് നാം മുമ്പ് പറഞ്ഞിരുന്നത്. അതിനുള്ള കാരണം സുനനുത്തിർമുദിയിൽ ഉദ്ധരിക്കപ്പെട്ട് വന്നിട്ടുള്ള ദുർബലമായ ഹദീസിൽ ബാങ്ക് കൊടുക്കൽ സുന്നത്താണെന്നാണുള്ളത് . അതിന് ‘ശവാഹിദ്’ കൊണ്ട് ശക്തിപ്പെടുത്തുന്ന മാർഗ്ഗമാണ് നാം അവിടെ സ്വീകരിച്ചത്. ഈ ഹദീസിനെ ബലപ്പെടുത്തുന്നത് ഇബ്നുൽ ഖയ്യിമിന്റെ ” തുഹ്ഫത്തുൽ മൗദൂദ് ബി അഹ്കാ മിൽ മൗലൂദ് ” എന്ന ഗ്രന്ഥത്തിൽ നാം കണ്ടിരുന്നു. അദ്ദേഹം അതിനെ ബൈഹഖിയുടെ ” ശുഅബുൽ ഈമാനിലേക്ക് ” ചേർത്തി പറയുകയും ചെയ്തിരുന്നു . ശക്തമായ ദുർബലതയൊന്നുമില്ലായെന്ന അദ്ദേഹത്തിന്റെ വാചകം നാം പരിഗണിക്കുകയും അതിനെ തുടർന്ന് തിർമുദിയുടെ ഹദീസിന് “ശാഹിദ് ” ഉണ്ടെന്ന് നാം ധരിക്കുകയും ചെയ്തു . അതാകട്ടെ അബൂ റാഫിഇൽ നിന്നുള്ള റിപ്പോർട്ടു മായിരുന്നു . അന്നേരം നമ്മുടെ പക്കൽ ‘ശുഅബുൽ ഈമാനിന്റ’ കയ്യെഴുത്ത് പ്രതിയോ , അച്ചടിച്ച പ്രതിയോ ഉണ്ടായിരുന്നില്ല.ഇമാം ബൈഹഖി (റ) ഉദ്ദരിച്ച ഹദീസിന്റെ സനദിൽ കളവ് കൊണ്ട് ആരോപിക്കപ്പെടുന്ന രണ്ട് റിപ്പോർട്ടർമാർ ഉണ്ട്. ‘ആ ഹദീസ് ദുർബലമാണ് ‘ എന്ന് മാത്രം പറയുകയാണ് ഇബ്നുൽ ഖയ്യിം ചെയ്തിട്ടുള്ളതെന്ന് എനിക്ക് മനസ്സിലായി. അത് അങ്ങേയറ്റം ദുർബലമാണെന്ന് പറയുകയാണ് യഥാർത്ഥ്യത്തിൽ വേണ്ടത് . ഇത്തരം സന്ദർഭങ്ങളിൽ അങ്ങേയറ്റം ദുർബലതയുള്ളതിനെ ശാഹിദായി പരിഗണിക്കാൻ ഹദീസ് നിദാന ശാസത്രമറിയുന്നവർക്ക് പാടുള്ളതല്ല.
സുനനുത്തിർമുദിയിലുള്ള അബൂ റാഫിഇന്റെ ഹദീസ് ബലപ്പെടുത്താൻ അങ്ങേയറ്റം ദുർബലമായ ശുഅബുൽ ഈമാനിലുള്ള ഹദീസിനെ ഉപയോഗിച്ചതിൽ നിന്നും കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്താണെന്ന എന്റെ മുമ്പത്തെ അഭിപ്രായത്തിൽ നിന്നും നാം മടങ്ങുകയാണ്.(സിൽസിലത്തുൽ ഹുദ വന്നൂർ: 562)
ശൈഖ് അൽബാനിയുടെ(റ) ഇതേ നിലപാട് തന്നെ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദും(റ) പറഞ്ഞപ്പോൾ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: അപ്പോൾ ഇഖാമത്തിന്റെയും , ബാങ്കിന്റെയും ഹദീസ് എല്ലാം ദുർബലമാണോ ?
ഉത്തരം : ശൈഖ് അൽബാനി (റ) പറഞ്ഞതാണ് കാര്യം. അതിന് രണ്ടിനും ഹദീസിന്റെ പിൻബലമില്ല. (ശർഹു സുനനി അബീദാവൂദ് / കാസറ്റ് നമ്പർ : 209 )